വടക്കഞ്ചേരി: മംഗലംപാലത്തിനടുത്ത് ബൈപാസ് ജംഗ്ഷനിൽ പൊതുമരാമത്ത് വകുപ്പിന്റെ ഓട്ടയടക്കൽ വീണ്ടും. മെറ്റലും സിമന്റും കൂട്ടിക്കലർത്തിയാണ് കുഴിമൂടൽ ചടങ്ങ് നടത്തിയത്. ഇന്നലെ രാവിലെ ജെസിബിയും റോളറും തൊഴിലാളികളുമായി നല്ല ഉറപ്പോടെ കുഴി അടച്ചിട്ടുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ അവകാശപ്പെടുന്നത്.
‘ഠ’ വട്ടത്തിലുള്ള ഭാഗം നന്നാക്കാൻ പല തവണയായി അരകോടിയിലേറെ രൂപ ചെലവഴിച്ചിട്ടും തകർന്നുകിടക്കുന്ന ജംഗ്ഷനെക്കുറിച്ച് ഇന്നലത്തെ ദീപികയിൽ വാർത്ത നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് വാഹനങ്ങൾക്ക് കടന്നു പോകാവുന്ന വിധത്തിൽ താത്കാലിക അറ്റകുറ്റപ്പണികൾ നടത്തിയിട്ടുള്ളത്. ടാറിംഗും കോൺക്രീറ്റിംഗും തകർന്ന സാഹചര്യത്തിൽ ഇനി ടൈൽസ് വിരിച്ച് പരീക്ഷണത്തിനാണ് അടുത്ത നീക്കം.
ഇതിനായി ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ടെന്ന് പറയുന്നു. പലതവണ മാറിമാറി ഇവിടെ ടാറിംഗും കോൺക്രീറ്റിംഗും നടത്തുകയുണ്ടായിട്ടുണ്ട്. ഒന്നിനും ദീർഘായുസുണ്ടായിട്ടില്ല. മഴ പെയ്താൽ ഇതിലൂടെയാണ് വെള്ളം ഒഴുകുക.
ഈ വെള്ളം സമീപത്തെ പുഴയിലേക്ക് ഒഴുക്കിവിടാനുള്ള സംവിധാനം ഒരുക്കാതെ നടത്തുന്ന പരീക്ഷണങ്ങളൊന്നും വിജയിക്കില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.